''തൂഫാന് തദ്ദേശം'' പഞ്ചായത്ത്തല ഉദ്ഘാടനം
September 29, 2026
പുലാമന്തോള് ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന് ( ഓപ്പറേഷൻ തൂഫാൻ 2.0 ) 28/09/2026 ന് തുടക്കം കുറിച്ചു. ലഹരി മാഫിയകൾക്കെതിരെ ശക്തവും ജനകീയവുമായ ഒരു പ്രതിരോധം സൃഷ്ടിക്കാനുള്ള നിർണായ ചുവടുവെപ്പാണ് ഓപ്പറേഷൻ തൂഫാൻ 2.0 രണ്ടാംഘട്ടം. പോലീസിന്റെ നിയമപാലനശേഷിയും പഞ്ചായത്തിന്റെ ജനകീയ അടിത്തറയും ആരോഗ്യ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിദഗ്ധ പിന്തുണയും കുടുംബശ്രീയുടെയും യുവജനങ്ങളുടെയും സമൂഹത്തിന്റെയും പങ്കാളിത്തവും ഏകോപിപ്പിക്കുന്നതിലൂടെ ലഹരി പ്രവർത്തനങ്ങളെ ഓരോ വാർഡിലേക്കും, ഓരോ കുടുംബത്തിലേക്കും, ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കും എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ലഹരിമുക്ത കുടുംബം, ലഹരിമുക്ത വിദ്യാലയം, ലഹരിമുക്ത വാർഡ്, ലഹരിമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് ജനകീയമായി മുന്നോട്ടു നയിക്കുന്നതിനുള്ള ഒരു തുടർച്ചയായ സാമൂഹിക പ്രസ്ഥാനമായി ഓപ്പറേഷൻ തൂഫാൻ മാറേണ്ടതുണ്ട് എന്ന് പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ഹസീബ് വളപുരം അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി തൂഫാൻ ഫ്ലാഗ് ഉയർത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. രണ്ടാംഘട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് പെരിന്തല്മണ്ണ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. സജീവ് കെ.ആര് ക്ലാസ് എടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീ. ഇസ്സുുദ്ദീന് കെ.ടി, വാര്ഡ് മെമ്പര്മാരായ ശ്രീ. അബ്ദുല് കമാല്, ശ്രീമതി. പ്രേമലത ടീച്ചര്, ശ്രീ. നൂറുല് അമീന് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് കോണ്ഫറന്സ് ഹാളിൽ ഓപ്പറേഷൻ തൂഫാൻ 2.0 രണ്ടാംഘട്ട പരിപാടിയുടെ സംസ്ഥാനതല ഔപചാരികമായ ഉദ്ഘാടന പരിപാടിയുടെ ലൈവ് സ്ട്രീം പ്രദർശിപ്പിക്കുകയും ചെയ്തു. സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. മുഹമ്മദ് അഷ്ഹര് സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. രാജേഷ് നന്ദിയും പറഞ്ഞു