ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
ജലസമ്പത്ത് കൊണ്ടും ഫലഭൂയിഷ്ഠതകൊണ്ടും സമ്പന്നമായ ഈ നദീതീരഗ്രാമത്തിന്, പുരാതന മനുഷ്യ സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍ കൂടിയായിരുന്നുവെന്നതിന്റെ ചരിത്രമേറെ പറയാനുണ്ട്. തെക്കേ മലബാറിലെ പ്രബലനായിരുന്ന പഴയ നാട്ടുരാജാവായ വള്ളുവക്കോനാതിരിയുടെ വെള്ളാട്ടിരി അഥവാ ആദിവള്ളുവനാട്ടിലും, പിന്നീട് മൈസൂര്‍ അധിനിവേശത്തിലും ഉള്‍പ്പെട്ട 26 അംശങ്ങളില്‍ കുരുവമ്പലവും, പുലാമന്തോളും ഉള്‍പ്പെട്ടിരുന്നു. പഴയ കാലത്ത് ഈ പ്രദേശത്തെ പ്രബലസമുദായമായ മുസ്ളീങ്ങളും, ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതിക്കാരും, മറ്റു പിന്നോക്കസമുദായങ്ങളും ഇവിടുത്തെ ജന്മിമാര്ക്കു കീഴിലെ പട്ടിണിപാവങ്ങളായ കുടിയാന്മാരോ, കൃഷിതൊഴിലാളികളോ ആയിരുന്നു. ഇവരെ പിഴിഞ്ഞ് സുഖലോലുപരായി, അധ്വാനമെന്തന്നറിയാതെ ജീവിച്ചിരുന്ന, ചില സവര്‍ണ്ണ ജന്മികുടുംബങ്ങളുടെ കൈയ്യിലായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്തുക്കളും എല്ലാ അധികാരങ്ങളും. ബ്രിട്ടീഷ് അധികാരികളുമായി ചങ്ങാത്തത്തിലായിരിക്കുകയും, സ്വാതന്ത്ര്യസമരത്തിനു വേണ്ടി ഒരു തുള്ളി വിയര്‍പ്പു പോലും ഒഴുക്കാന്‍ തയ്യാറാവാതെയുമിരുന്ന ജന്മികള് കാട്ടിക്കൂട്ടിയ പേക്കൂത്തുകളുടെയും, വീഴ്ത്തിയ കീഴാളരക്തത്തിന്റെയും എഴുതപ്പെടാത്ത കഥകള്‍ വളരെ ബുദ്ധിപൂര്‍വ്വം വിസ്മരിക്കപ്പെട്ടിരിക്കുന്നു. 1921-ല്‍ നടന്ന വാഗണ്‍ ട്രാജഡിയില്‍ മരിച്ച എഴുപതുപേരില്‍ 41 പേരും പുലാമന്തോള്‍ പഞ്ചായത്തിലെ കുരുവമ്പലം, വളപുരം, ചെമ്മലശ്ശേരി ഭാഗങ്ങളിലുള്ളവരാണ്. ഭാരതചരിത്രം തിരുത്തിക്കുറിക്കുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ആഴത്തില്‍ വേരോടുകയും ചെയ്ത ഒരു മഹാ പ്രസ്ഥാനമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. ഈ മഹാപ്രസ്ഥാനത്തില്‍ സമീപപഞ്ചായത്തുകളെ അപേക്ഷിച്ച് പുലാമന്തോളിന്റെ പങ്ക് വളരെ വലുതാണ്. ആനി ബസന്റിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാലത്തു നടന്ന കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ ഇവിടെ നിന്നും നിരവധി ആളുകള്‍ പങ്കെടുത്തിരുന്നു. പോക്കര് ഹാജി, മൊയ്തുകുട്ടി ഹാജി, മരക്കാര്‍ഹാജി തുടങ്ങിയവര്‍ അക്കൂട്ടരില്‍ പ്രമുഖരായിരുന്നു. 1921-ലെ ആദ്യനാളുകളില്‍ തന്നെ ഇവിടെ ഖിലാഫത്തു കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. അതിന്റെ സെക്രട്ടറി കെ.പി.പോക്കര്‍ഹാജി ആയിരുന്നു. ഈ കലാപത്തോടനുബന്ധിച്ച് കട്ടുപ്പാറയിലെ കണ്ടപ്പത്തുപാലം പൊളിക്കുകയും പുലാമന്തോള്‍ പുഴയിലെ ചങ്ങാടം തകര്‍ക്കുകയുമുണ്ടായി. തുടര്‍ന്ന് കട്ടുപ്പാറയില്‍ വച്ച് പട്ടുക്കുത്ത് മൊയ്തീന്കുരിക്കള്, കണക്കവന്തൊടി അലവി, പള്ളിത്തൊടി ഉണ്ണിപ്പ, പാറപ്പുലയന് മൊയ്തീന്‍കുട്ടി, ഞെളിയത്തൊടി മമ്മു എന്ന ബാപ്പുട്ടി എന്നിവരെയും, പുലാമന്തോള്‍ ഭാഗത്തു വച്ച് കൊല്ലിയത്ത് മമ്മദ്, കാഞ്ഞിരക്കടവത്ത് കുഞ്ഞുണ്യേന്‍ എന്നിവരെയും ബ്രിട്ടീഷ് അധികാരികള്‍ വെടിവച്ചുകൊന്നു. ആയുധനിയമം എടുത്തു പ്രയോഗിച്ചുകൊണ്ട്, അവര്‍ അക്കാലത്തു കട്ടുപാറയിലുണ്ടായിരുന്ന അനവധി വീടുകള്‍ കത്തിക്കുകയുണ്ടായി. ലഹളക്കാലത്ത് എടുത്തുപറയാവുന്ന മറ്റൊരു പ്രത്യേകത, അന്നു ബ്രിട്ടീഷ് ഏജന്റുമാരായി പ്രവര്‍ത്തിക്കുകയോ, കുടിയാന്മാരോട് സവര്ണ്ണമേല്ക്കോയ്മയോ, ശത്രുതയോ കാണിക്കാതെയുമിരുന്ന എല്ലാ ഹിന്ദു ജന്മികുടുംബങ്ങള്ക്കും മാപ്പിളമാര്‍ സംരക്ഷണം നല്‍കിയിരുന്നു എന്നതാണ്. ഇ.എം.എസിന്റെ തറവാടായ ഏലംകുളം മന Vസംരക്ഷിക്കുന്നതിനു കട്ടുപാറയില് നിന്നുപോലും മാപ്പിള യുവാക്കള്‍ പോയതായി കേള്‍ക്കുന്നു. 1930-കളുടെ ആദ്യത്തില്‍ കേളപ്പന്, എം.കാര്‍ത്ത്യായനി അമ്മ, മുഹമ്മദ് ഷാഫി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ഒരു മഹാസമ്മേളനം പുലാമന്തോള്‍ പുഴയുടെ തീരത്ത് നടക്കുകയുണ്ടായി. യുവജന സംഘത്തിന്റെ ആവിര്‍ഭാവമാണ് ആ കാലഘട്ടത്തില്‍ നടന്ന മറ്റൊരു പ്രധാനസംഭവം. ഈ സംഘത്തിന്റെ നേതൃത്വത്തില്‍ ഒരു പൊതുവായനശാല ആരംഭിക്കുകയും മാതൃഭൂമി, അല്‍ അമീന്, പ്രഭാതം എന്നീ പത്രങ്ങളും പല പുസ്തകങ്ങളും ലഭ്യമാക്കുകയുമുണ്ടായി. ഇതേ സംഘത്തിന്റെ പ്രവര്‍ത്തനഫലമായാണ് പഞ്ചായത്തിലെ ആദ്യത്തെ യു.പി.സ്കൂള്‍ (ഹയര്‍ എലിമെന്ററി) പ്രവര്‍ത്തനമാരംഭിച്ചത്. മടവട്ടത്ത് മുഹമ്മദ് ഹാജിയായിരുന്നു ഇവിടുത്തെ ആദ്യവിദ്യാര്‍ത്ഥി. 1933-ല്‍ കട്ടിലശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തോടനുബന്ധിച്ചാണ് പുലാമന്തോളിലെ ആദ്യത്തെ മദ്രസാരൂപീകരണത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. 1936-ല്‍ ജയില്‍വാസം കഴിഞ്ഞുവന്ന എം.പി.നാരായണ മേനോന് നല്കിയ സ്വീകരണമായിരുന്നു പുലാമന്തോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനം. 1935-ല്‍ യുവജനസംഘം വക നവയുഗം എന്ന കയ്യെഴുത്തുമാസിക ആരംഭിക്കുകയുണ്ടായി. 1933-ലായിരുന്നു പുലാമന്തോള്‍ ക്ഷേത്രത്തിലുണ്ടായ മണിയടിച്ചുതൊഴല് സംഭവം. പാലൊളി വാസുദേവന്‍ നമ്പൂതിരി, ചെറുകര രാമുണ്ണിപിഷാരടി, നാരായണപിഷാരടി, പുലാമന്തോള്‍ അച്യുതപിഷാരടി, അച്ചൂരതൊടിയില് മാധവന് നായര്‍ എന്നിവരെല്ലാംകൂടി തിരുവേഗപ്പുറ അയിത്തോച്ചാടന യോഗം കഴിഞ്ഞ് മടങ്ങുന്ന സമയം, പുലാമന്തോള്‍ പുഴയില്‍ കുളിച്ച് ധന്വന്തരീ ക്ഷേത്രത്തില്‍ പോയി ദര്‍ശനം ചെയ്യുകയുണ്ടായി. തൊഴുമ്പോള്‍ നമ്പൂതിരിയോടൊപ്പം മറ്റുള്ളവരും മണിയടിച്ചു. 1942-43 കാലങ്ങളിലുണ്ടായ മഹാദുരന്തമായിരുന്നു വ്യാപകമായി പടര്‍ന്നുപിടിച്ച കോളറമരണങ്ങള്‍. ഇതിലേറ്റവും കൂടുതല്‍ മരണം നടന്ന തിരുത്തിന്മേല് ഹരിജന കോളനിയില്‍, ശവം മറവു ചെയ്യുവാന്‍ പോലും ആളില്ലാത്ത അവസ്ഥ വന്നു. അക്കാലത്ത് ദേശീയപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു അതിനായി മുന്നിട്ടിറങ്ങിയതെന്നത് എക്കാലത്തും സ്മരിക്കപ്പെടേണ്ടതാണ്. ആദ്യകാലത്തുണ്ടായ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പ്രസ്ഥാനവും അതില്‍ നിന്നുണ്ടായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇവിടെ ആഴത്തില്‍ വേരോടുകയുണ്ടായി. ഇതോടനുബന്ധിച്ചു തന്നെ അധ്യാപക പ്രസ്ഥാനങ്ങളും ചുവടുറപ്പിച്ചു. ജന്മി-കുടിയാന് പ്രശ്നത്തിന്മേലുണ്ടായ കുറ്റിനിക്കരി സമരം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ജന്മി പാട്ടബാക്കിക്കു വേണ്ടി കുടിയാനെ ഒഴിപ്പിക്കുകയും സ്വന്തമായി വിളയിടുകയും ചെയ്തു. ഇതിനെതിരെ കര്‍ഷകസംഘം രംഗത്തിറങ്ങുകയും കന്നുപൂട്ടി വിള ഇറക്കുകയും ചെയ്തു. ഇത് കര്‍ഷക സംഘത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനു ഊര്ജ്ജസ്വലത പകര്‍ന്നു. അധ്യാപകസംഘടനാ പ്രവര്‍ത്തനങ്ങളില്‍ 1940-കളില്‍ നടന്ന പ്രധാന സംഭവമായിരുന്നു ഗുരുജന സമാജം ബഹിഷ്ക്കരണം. 1940-കളുടെ ചരിത്രത്തെ സ്വാധീനിച്ച മറ്റൊരു മുഖ്യഘടകമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. നിരോധിക്കപ്പെട്ടതിനാല്‍ ഒളിഞ്ഞും പിന്നീട് തെളിഞ്ഞുമുള്ള പാര്‍ട്ടിപ്രവര്‍ത്തനം രാഷ്ട്രീയമണ്ഡലങ്ങളില്‍ മാത്രമല്ല, മറ്റുരംഗങ്ങളിലും സ്വാധീനം ചെലുത്തി. 1940-കളില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടൊപ്പം ഉയര്‍ന്നുവന്നതായിരുന്നു മജ്ലിസ് പ്രവര്‍ത്തനം. അബ്ദുറഹിമാന് സാഹിബ്, കട്ടിലശ്ശേരി എന്നിവരുടെ സ്വാധീനം ഇതിലുമുണ്ടായിരുന്നു. സ്വതന്ത്രഭാരതത്തിലെ അവിഭക്ത മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു പുലാമന്തോള്‍. 1957-നു ശേഷം, കേരളത്തിലുണ്ടായ മാറ്റങ്ങളുടെ ചരിത്രം തന്നെയാണ് ഇവിടുത്തെയും ചരിത്രമെങ്കിലും 1960-കളുടെ അവസാനം നടന്ന മലപ്പുറം ജില്ലാ രൂപീകരണം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അതുവരെ പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പുലാമന്തോള്‍ മലപ്പുറം ജില്ലയിലെ അതിര്‍ത്തി പഞ്ചായത്തായി മാറി. പഴയ തിരുകൊച്ചി പ്രദേശത്തുനിന്നു മലബാറിലേക്കുണ്ടായ കര്‍ഷകകുടിയേറ്റം, പുലാമന്തോള്‍ പഞ്ചായത്തിന്റെ സമസ്ത മേഖലകളിലും, വിശിഷ്യാ കാര്‍ഷികരംഗത്ത് വമ്പിച്ച സ്വാധീനം ചെലുത്തുകയുണ്ടായി. 1950-കളില്‍ ഈ പഞ്ചായത്തിന്റെ മലമ്പ്രദേശങ്ങളില്‍ അധിവാസമാരംഭിച്ച, അധ്വാനികളായ കുടിയേറ്റക്കാര്‍ ഇവിടുത്തെ സംസ്കാരത്തിനു തന്നെ പുതിയ രൂപഭാവങ്ങള്‍ നല്കി. പുലാമന്തോള്‍ പഞ്ചായത്ത് 1961-ലാണ് നിലവില്‍ വന്നത്. 1964 ജനുവരി ഒന്നിനാണ് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഭരണസമിതി നിലവില്‍ വരുന്നത്.
സാംസ്കാരികചരിത്രം
സാമൂതിരിയുടെ പുരാതന വാണിജ്യകേന്ദ്രങ്ങളെ ബന്ധിപ്പിച്ചിരുന്ന ഇണക്കുകണ്ണിയായ കുന്തിപ്പുഴയുടെ വടക്കേതീരത്ത് സ്ഥിതി ചെയ്യുന്ന പുലാമന്തോള്‍ ഗ്രാമം, വിവിധ സാംസ്കാരങ്ങളൂടെ സംഗമസ്ഥാനമായി മാറിയത് സ്വാഭാവികം. മൈസൂര്‍ രാജാക്കന്മാരുടെ പടയോട്ടവും പിന്നീടുവന്ന ബ്രിട്ടീഷ് അധിനിവേശവും ഇവിടുത്തെ ജീവിതക്രമത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചു. ദേവാലയങ്ങളുടെയും മനുഷ്യാലയങ്ങളുടെയും വാസ്തുശില്പ വിദ്യയിലും, വസ്ത്രം, ഭക്ഷണം, കുടുംബ ബന്ധങ്ങള്‍ തുടങ്ങി എല്ലാ തുറകളിലും ഇതിന്റെ സ്വാധീനം കാണാം. ഹിന്ദു ആരാധനാമൂര്‍ത്തികളായ അമ്മ-ദൈവങ്ങള്‍, വൃക്ഷാരാധന, നാഗാരാധന തുടങ്ങിയ ആചാരങ്ങള്‍, മുസ്ളീം, ക്രൈസ്തവ ആരാധനാലയങ്ങള്‍ എന്നിവയെല്ലാം ഈ ഗ്രാമത്തിലുണ്ട്. പുലാമന്തോളിന്റെ ആയുര്‍വദ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ധന്വന്തരിക്ഷേത്രം ഈ ഗ്രാമത്തിന്റെ സവിശേഷതയാണ്. മാലാപറമ്പിലെയും, ചിരട്ടാമലയിലെയും ക്രിസ്ത്യന്‍പള്ളികള്‍ കേവലം ആരാധനാലയങ്ങള്‍ മാത്രമല്ല, അധ:സ്ഥിതന്റെ നില ഉയര്‍ത്തുന്നതിനായി നടത്തുന്ന നിരവധി സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങള്‍ കൂടിയാണ്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയുടെ തട്ടകത്തിന്റെ ഭാഗമായി നടക്കുന്ന കളംപാട്ട്, ആലഞ്ചേരി, കിളിക്കുന്ന് കാവുകളിലെ പൂരങ്ങള്‍, പാലൂര് തൈപ്പൂയ രഥോത്സവം എന്നിവയാണ് പ്രധാന ഹിന്ദുമത ആഘോഷങ്ങള്‍. ജന്മിത്തത്തിന്റേയും ജാതിവ്യവസ്ഥയുടേയും കരാളഹസ്തങ്ങള്ക്കുള്ളിലിരുന്നുകൊണ്ടു തന്നെ അനുഷ്ഠാന-ആചാര കലകളെ നിലനിറുത്തുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും പുതിയ കലകളെ ഉള്‍ക്കൊള്ളുന്നതിനും ഇവിടുത്തെ സാധാരണക്കാര്‍ക്ക് കഴിഞ്ഞു. കരകൌശലവിദ്യയിലെ ആധുനികസങ്കേതങ്ങള്‍ സ്വപ്രയത്നത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത ചൊവ്വൂര്‍ നീലകണ്ഠനു രാഷ്ട്രപതിയുടെ കീര്‍ത്തിമുദ്രയും പുരസ്കാരവും ലഭിക്കുകയുണ്ടായി. സ്വന്തമായി ഒരു നാടകസംഘം ഉണ്ടാക്കാനും, തമിഴുസംഗീതനാടക സംസ്കാരത്തിനു പകരം, മലയാള നാടക സംഗീത സംസ്കാരം വളര്‍ത്തിക്കൊണ്ടു വരാനും അദ്ദേഹം പരിശ്രമിച്ചു. അഷ്ടവൈദ്യ പ്രധാനികളായ മൂസ്സുമാര്‍ ഈ ഗ്രാമത്തിന്റെ അഭിമാനഭാജനങ്ങളാണ്. മൂസ്സുമാരെക്കൂടാതെ, വൈദ്യരംഗത്ത് പ്രഗത്ഭരായ പുലാമന്തോള്‍ പിഷാരത്ത് കൃഷ്ണപിഷാരടി, തെക്കത്ത് കൃഷ്ണന്‍നായര്‍, കട്ടിപ്പാറ അബ്ദുള്‍ഖാദര്‍ വൈദ്യര്, ബാലവൈദ്യത്തില് പ്രഗത്ഭനായിരുന്ന ഗോവിന്ദന്‍വൈദ്യര്‍ എന്നിവരും ഈ ഗ്രാമത്തിനു പ്രശസ്തിയുണ്ടാക്കിയവരാണ്. കഥകളി രംഗത്തെ അതുല്യപ്രതിഭകളായ വ്യക്തികളായിരുന്നു മദ്ദളവിദ്വാന്‍ പാലൂര് അച്ചുതന് നായര്‍, കുരുവമ്പലം മാരാത്ത് ശങ്കരമാരാര്‍, പാറോത രാമന് നായര്‍ എന്നിവര്‍. ചാത്തിരാങ്കം (പാനേങ്കളി, സംഘക്കളി) എന്ന അനുഷ്ഠാനകല അവതരിപ്പിക്കുന്നതിനുള്ള അവകാശം കുരുവമ്പലം പുളിക്കീഴ് മനക്കാര്‍ക്കായിരുന്നു. തിരുമാന്ധാംകുന്ന് പൂരത്തിന് അകമ്പടി സേവിക്കുന്ന പിള്ളര് പണിക്കന്മാര് ഒരു പുരാതനപാരമ്പര്യത്തിന്റെ പ്രതീകമാണ്. നാടന്‍ കലാരൂപങ്ങളായ കോല്‍ക്കളി, പരിചമുട്ടുകളി, ദഫ്മുട്ട് എന്നിവയും, നാടന്‍പാട്ടുകള്‍, മാപ്പിളപാട്ടുകള്‍ എന്നിവയും കാലാനുസൃതം പരിഷ്ക്കരിച്ചു നിലനിര്‍ത്തിവരുന്നുണ്ട്. “ആട്ട്” എന്ന ആചാരകലയും ഈ രംഗത്തെ എടുത്തുപറയത്തക്ക ഒരു ഇനമാണ്.